പേജുകള്‍‌

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

‘സത്യം‘ - ഒരു മുഴു നീള റിപ്പൊർട്ട്

പ്രമുഖ ഐടി കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്‌സിന്റെ (ഇപ്പോള്‍ മഹീന്ദ്ര സത്യം) 2008-09, 2009-10 സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനഫലങ്ങള്‍ സപ്തംബര്‍ 29ന് പുറത്തുവിടും. കമ്പനിയുടെ ഓഹരി വില ബുധനാഴ്ച 12 ശതമാനത്തിലേറെ ഉയര്‍ന്ന് 107.75 രൂപയിലെത്തി. ചൊവ്വാഴ്ച നാല് ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു.

സ്ഥാപകനായ ബി. രാമലിംഗ രാജു നടത്തിയ 7000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്‌സിനെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കുകയാണ്. കമ്പനിയെ പിന്നീട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തു.

പ്രവര്‍ത്തന ഫലം പുറത്തുവരുന്നതോടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ രൂപം ലഭിക്കും. ഇത് പുറത്തുവിടാനുള്ള സമയപരിധി നിരവധി തവണ നീട്ടിയിരുന്നു.


പ്രവര്‍ത്തന ഫലം പുറത്തുവിടുന്നതോടൊപ്പം കമ്പനിയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള ഐടി കമ്പനിയായ ടെക് മഹീന്ദ്രയില്‍ ലയിപ്പിക്കുന്നതിനായുള്ള രൂപരേഖയും തയ്യാറാക്കും. ഇതോടെ സത്യത്തിന്റെ ആസ്ഥാനം ഹൈദരാബാദില്‍ നിന്ന് മാറ്റും.


2008 ഡിസംബര്‍ 31ന് അവസാനിച്ച പാദം മുതല്‍ 2010 മാര്‍ച്ചില്‍ അവസാനിച്ച പാദം വരെയുള്ള പ്രര്‍ത്തനഫലം പുറത്തുവിടാന്‍ കമ്പനി ലോ ബോര്‍ഡ് സമയപരിധി നീട്ടിക്കൊടുത്തിരുന്നു. പ്രമോട്ടര്‍മാര്‍ ഏതാനും വര്‍ഷങ്ങളായി കണക്കില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്പനിക്ക് സമയം അനുവദിച്ചത്.


2008-09, 2008-10 സാമ്പത്തിക വര്‍ഷങ്ങളിലെ പ്രവര്‍ത്തനഫലങ്ങള്‍ക്ക് പുറമെ, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലവും പുറത്തുവിട്ടേക്കും.


മൂന്ന് മാസത്തിനുള്ളില്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം നടത്താനും കമ്പനി ലോ ബോര്‍ഡ് സത്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വാര്‍ഷിക പൊതുയോഗം നടന്നിരുന്നില്ല. ഓഹരി ഉടമകളുടെ അംഗീകാരത്തോടെ ബാലന്‍സ് ഷീറ്റുകളും മറ്റും രേഖകളും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിക്കും.


2008-09 വര്‍ഷം വരെയുള്ള കണക്കുകള്‍ പുന:പരിശോധിച്ചുള്ള റിപ്പോര്‍ട്ടും കമ്പനി പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


(കടപ്പാട്: മാതൃഭൂമി പത്രം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ